തലശേരി: ദുക്റാന തിരുനാൾ ദിനമായ ജൂലൈ മൂന്നിന് പൊതുഅവധിയായി പ്രഖ്യാപിക്കണമെന്ന് കെസിവൈഎം-എസ്എംവൈഎം തലശേരി അതിരൂപത സമിതി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
നൂറ്റാണ്ടുകളായി കേരളത്തിലെ സീറോ മലബാർ വിശ്വാസിസമൂഹം അതീവ ഭക്തിപൂർവം ആചരിക്കുന്ന തിരുനാൾ, മതപരമായ പ്രാധാന്യത്തിനപ്പുറം കേരളത്തിന്റെ സാംസ്കാരികവും ചരിത്രപരവും സാമൂഹികവുമായ പൈതൃകത്തിന്റെ ഭാഗവുമാണ്. ലക്ഷക്കണക്കിന് വിശ്വാസികൾ ദേവാലയങ്ങളിലെ തിരുക്കർമങ്ങളിലും പ്രാർഥനാശുശ്രൂഷകളിലും കുടുംബ, സമൂഹ ആഘോഷങ്ങളിലും പങ്കെടുക്കുന്ന സാഹചര്യത്തിൽ ജൂലൈ മൂന്നിന് സ്കൂളുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും പൊതുഅവധി പ്രഖ്യാപിക്കുന്നത് വിശ്വാസികളുടെ മതസ്വാതന്ത്ര്യത്തെയും വികാരങ്ങളെയും മാനിക്കുന്ന നടപടിയായിരിക്കുമെന്ന് സംഘടന അഭിപ്രായപ്പെട്ടു.
വിശുദ്ധ തോമാശ്ലീഹായുടെ ഭാരതത്തിലെ സുവിശേഷവത്കരണ ദൗത്യവും സമൂഹത്തിന്റെ വളർച്ചയ്ക്കായി വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ നൽകിയ സംഭാവനകളും പരിഗണിച്ച് അദ്ദേഹത്തിന്റെ ഓർമദിനത്തിന് അർഹിക്കുന്ന അംഗീകാരം നൽകുന്നതിന് സംസ്ഥാന സർക്കാർ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെസിവൈഎം-എസ്എംവൈഎം തലശേരി അതിരൂപത കമ്മിറ്റി മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ സമിതികൾക്കും ഇമെയിൽ മുഖേന നിവേദനം നൽകി.
അനുകൂലമായ നടപടികൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി തലശേരി അതിരൂപത പ്രസിഡന്റ് അബിൻ വടക്കേക്കര, ഡയറക്ടർ ഫാ. അഖിൽ മാത്യു മുക്കുഴി, ജനറൽ സെക്രട്ടറി ജിസ്മോൻ കുരിക്കാട്ടിൽ, വൈസ് ഡയറക്ടർ സിസ്റ്റർ ജോസ്ന എസ്എച്ച് എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.